മോങ്ങം മൂകമായി: പി.എം.കെ യാത്രയായി

2012, ജൂൺ 6, ബുധനാഴ്‌ച

         മോങ്ങം: ഇന്നലെ മരണപെട്ട പ്രമുഖ പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായ പി.എം.കെ ഫൈസിയുടെ മയ്യിത്ത് ദു:ഖസാന്ദ്രമായ അന്തരീക്ഷത്തില്‍ ഖബറടക്കി. മോങ്ങം മഹല്ല് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ രാവിലെ ഒമ്പതരയോട് കൂടിയാണ് ഖബറടക്കം നടന്നത്. പുലര്‍ച്ചെ ആറരയോടെ പി.എം.കെ തന്റെ ജീവന്റെ പാതിയായി കൊണ്ട് നടന്ന തടപറമ്പ് ഉമ്മുല്‍ഖുറാ ഇസ്ലാമിക് കോം‌പ്ലക്സിലേക്ക് മയ്യിത്ത് കൊണ്ട് വരികയും അവിടെ സന്ദര്‍ശന സൌകര്യം ഒരുക്കുകയുമായിരുന്നു. ഇന്നലെ രാത്രി ജനാസ വീട്ടിലെത്തിയത് മുതല്‍ ഒഴുകിയ സന്ദര്‍ശകരുടെ തിരക്ക് നേരം പുലരുവോളം തുടര്‍ന്നു. തുടര്‍ന്ന് ഉമ്മുല്‍ഖുറാ കോമ്പൌണ്ടിലേക്ക് മാറ്റിയതിനാല്‍ ജനതിരക്ക് ഒരു വിധത്തില്‍ നിയന്ത്രിക്കാനായി. 
      ഉമ്മുല്‍ഖുറാ കോം‌പ്ലക്സിലേക്ക് ജനാസ സന്ദര്‍ശനത്തിനു ആയിരങ്ങളാണ് ഒഴുകി എത്തിയത്. കേരളത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും പണ്ഡിതന്‍‌മാരും സാധാത്തീങ്ങളും മുഅ‌ല്ലിമീങ്ങളും മുത‌അല്ലിമീങ്ങളും അടങ്ങുന്ന തൂവള്ള വസ്ത്രധാരികള്‍ ഒഴുകിയെത്തിയപ്പോള്‍ തടപറമ്പ് അക്ഷരാര്‍ത്ഥത്തില്‍ പാല്‍കടലായി. ഉമ്മുല്‍ഖുറാ കോപ്ലക്സിന്റെ ഇരു വശങ്ങളിലുമായി വിശാലമായ പാര്‍ക്കിങ്ങ് സൌകര്യം സജീകരിച്ചതിനാലും വളണ്ടിയര്‍‌മാര്‍ ജാഗ്രതയോടെ അങ്ങാടിയിലും തടപറമ്പിലും കര്‍മ്മ രംഗത്ത് സജീവമായതിനാലും ഗതാഗത കുരുക്കില്ലതെ വാഹനങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞു, ബസ്സുകളില്‍ എത്തുന്നവരെ തടപറമ്പില്‍ എത്തിക്കാന്‍ ഉമ്മുല്‍ഖുറായുടെ  സ്കൂള്‍ ബസ്സുകള്‍ മോങ്ങം അങ്ങാടിയില്‍ നിന്ന് ഷ്ട്ടില്‍ സര്‍വീസ് നടത്തിയിരുന്നുവെങ്കിലും അതില്‍ ഉള്‍കൊള്ളാനകാത്തതിനലും അങ്ങാടിയില്‍ ഓട്ടോറിക്ഷ പോലും കിട്ടാകനിയായതിനാല്‍ ആളുകള്‍ പലരും രണ്ട് കിലോമിറ്ററോളം കുത്തനെയുള്ള കയറ്റം നടന്ന്‍ കയറിയാണ് തങ്ങളുടെ പ്രിയപെട്ട ഉസ്താദിന്റെ ജനാസ ഒരു നോക്ക് കാണാന്‍ ഉമ്മുല്‍ഖുറയില്‍ എത്തിയത്. 
        ഏഴ് മണിയോടെ ഉമ്മുല്‍ ഖുറാ കോം‌പ്ലക്സില്‍ ആരംഭിച്ച മയ്യിത്ത് നിസ്കാരം ആരംഭിച്ചു.  സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍, ഇ.സുലൈമാന്‍ ഉസ്താദ്, സൈതലവി ബാഫഖി തങ്ങള്‍, സി.മുഹമ്മദ് ഫൈസി, കൊപ്പം കെ.പി.മുഹമ്മ്ദ് മുസ്ലിയാര്‍, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി,  സയ്യിദ് തുറാബ് തങ്ങള്‍ തലപ്പാറ, സൈനുല്‍ ആബ്ദീന്‍ ബാഫഖി തങ്ങള്‍, ഹൈദര്‍ ഫൈസി പൂക്കോട്ട്ചോല തുടങ്ങിയ സയ്യിദ് സാധാത്തീങ്ങളും പണ്ഡിതന്‍‌മാരും വിവിധ ഘട്ടങ്ങളായി നടന്ന മയ്യിത്ത് നിസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കി. എട്ടര മണിയോടെ പ്രതേകം സജീകരിച്ച ആമ്പുലന്‍സില്‍ ജനാസ മോങ്ങം മഹല്ല് ജുമുഅ‌ത്ത് പള്ളിയിലേക്ക് കൊണ്ട്‌വന്നു. മഹല്ല് പള്ളിയില്‍ വെച്ച് നടന്ന നിസ്കാരത്തിനു കെ.കെ.അഹമ്മദ് കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി. 
       പരേതനോടുള്ള ആധര സൂചകമായി ഇന്ന് രാവിലെ മുതല്‍ ഖബറടക്കം കഴിയുന്നത് വരെ മോങ്ങത്തെ കച്ചവട സ്ഥാപനങ്ങള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. മോങ്ങം ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സിലെയും മലപ്പുറം സ്വലാത്ത് നഗറിലെ മ‌അദിന്‍ കാമ്പസിലെയും എല്ലാ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരുന്നു. 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
test blog mongam © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum